Leader Page
ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാജ്യമായ ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി കുടിയേറ്റവിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രധാനമായും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെയാണ് ഈ പ്രക്ഷോഭം ലക്ഷ്യമിടുന്നത്. ജൂൺ 30നകം സ്വമേധയാ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് നിരവധി പേർ മടങ്ങിപ്പോയി.
രേഖകളില്ലാത്ത ഏകദേശം 25 ലക്ഷം കുടിയേറ്റക്കാരിൽ 53,000 പേരെ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനുശേഷം എല്ലാ വ്യാഴാഴ്ചയും പ്രധാന നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടക്കുന്നു. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ നിയമം കൈയിലെടുത്ത് കുടിയേറ്റക്കാരെ തിരിച്ചറിയാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വർണവിവേചന ഭരണത്തിനു ശേഷം ദക്ഷിണാഫ്രിക്കയിൽ നൂറുകണക്കിന് വിദേശിവിരുദ്ധ (സെനോഫോബിക്) ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇത്തരം ആക്രമണങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഗണ്യമായൊരു വിഭാഗം ദക്ഷിണാഫ്രിക്കക്കാരായിരുന്നു. വിദേശികളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരിൽ പലരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്തത്.
ഒരുകാലത്ത് പാൻ- ആഫ്രിക്കനിസത്തിന്റെ ശക്തമായ വക്താവായിരുന്ന ദക്ഷിണാഫ്രിക്ക ഇന്ന് സ്വന്തം സഹ ആഫ്രിക്കൻ ജനതയ്ക്കെതിരായ വിദേശിവിരുദ്ധ വികാരങ്ങളുടെ കേന്ദ്രമായി മാറിയെന്നത് വലിയ വൈരുധ്യമാണ്.
►പ്രതിഷേധത്തിനു പിന്നിലെ യാഥാർഥ്യങ്ങൾ
ഈ പ്രക്ഷോഭത്തെ വെറും വിദേശിവിരുദ്ധ വികാരമായി മാത്രം കാണുന്നത് യാഥാർഥ്യത്തെ ലഘൂകരിക്കുന്നതാണ്. അതേസമയം എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. ദക്ഷിണാഫ്രിക്ക ലോകത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നേരിടുന്ന രാജ്യങ്ങളിലൊന്നാണ്. യുവജന തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം, കടുത്ത അസമത്വം, ദാരിദ്ര്യം, വൈദ്യുതി ക്ഷാമം, ഭവനപ്രശ്നം, അഴിമതി, ദുർബലമായ ഭരണസംവിധാനം എന്നിവ ജനങ്ങളിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർ തൊഴിൽ നഷ്ടപ്പെടുത്തുന്നു, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നു, സർക്കാർ ആശുപത്രികളിലും വിദ്യാലയങ്ങളിലും അധികഭാരം സൃഷ്ടിക്കുന്നു, കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നു എന്ന വിശ്വാസം ശക്തിപ്പെട്ടിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയുടെ വികസിത സമ്പദ്വ്യവസ്ഥ സിംബാബ്വെ, മൊസാംബിക്, മലാവി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, സൊമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ആകർഷിച്ചിട്ടുണ്ട്. നിയമാനുസൃതമായി എത്തിയവരും രേഖകളില്ലാതെ എത്തിയവരും ഇതിലുണ്ട്. അതിനാൽ അതിർത്തി നിയന്ത്രണവും കുടിയേറ്റ നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കലും സർക്കാരിന്റെ ന്യായമായ ഉത്തരവാദിത്വമാണെന്ന കാര്യത്തിൽ സംശയമില്ല.
►നിയമവാഴ്ചയുടെ പരീക്ഷണം
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെ നയിക്കുന്നത് ഒരൊറ്റ സംഘടനയല്ല. ഓപ്പറേഷൻ ദുദുല (Operation Dudula), മാർച്ച് ആൻഡ് മാർച്ച് (March and March), യുണൈറ്റഡ് സൗത്ത് ആഫ്രിക്ക, പുട്ട് സൗത്ത് ആഫ്രിക്കൻസ് ഫസ്റ്റ് തുടങ്ങിയ വിവിധ സംഘടനകളുടെ അയഞ്ഞ കൂട്ടായ്മയാണ് ഈ പ്രസ്ഥാനം. അതിർത്തി സുരക്ഷ ശക്തമാക്കുക, രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുക, തൊഴിൽ, പാർപ്പിടം, ആരോഗ്യം എന്നിവയിൽ ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.
ഈ ആവശ്യങ്ങളിൽ പലതും ഒരു പരമാധികാര രാഷ്ട്രത്തിന്റെ നിയമാനുസൃത അധികാരപരിധിയിലാണ്. എന്നാൽ, സർക്കാർ നിർവഹിക്കേണ്ട ചുമതലകൾ ജനക്കൂട്ടങ്ങൾ ഏറ്റെടുക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക, കടകൾ പരിശോധിക്കുക, വിദേശികളെന്ന് സംശയിക്കുന്നവരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ നടപടികൾ നിയമവാഴ്ചയെ ദുർബലപ്പെടുത്തുകയും ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാവുകയും ചെയ്യുന്നു.
വർണവിവേചന ഭരണത്തിന്റെ കഠിനമായ അനുഭവങ്ങളിൽനിന്നാണ് ദക്ഷിണാഫ്രിക്കയുടെ ഭരണഘടന രൂപംകൊണ്ടത്. അതിനാൽ കുടിയേറ്റനിയമങ്ങൾ കർശനമായി നടപ്പാക്കുമ്പോഴും മനുഷ്യാവകാശങ്ങളും നിയമപരമായ നടപടിക്രമങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.
►വിമർശനങ്ങളും പ്രാദേശിക പ്രത്യാഘാതങ്ങളും
കുടിയേറ്റക്കാർ ദക്ഷിണാഫ്രിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുവെന്നും രാജ്യത്തിന്റെ ഘടനാപരമായ സാമ്പത്തിക പ്രതിസന്ധികൾക്ക് അവരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും മനുഷ്യാവകാശ സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ പലപ്പോഴും നിയമപരമായി താമസിക്കുന്ന കുടിയേറ്റക്കാരെയും അഭയാർഥികളെയും ഭയത്തിന്റെയും ആക്രമണത്തിന്റെയും ഇരകളാക്കുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ഇതിന്റെ സ്വാധീനം ദക്ഷിണാഫ്രിക്കയുടെ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നില്ല. വർണവിവേചനത്തിനെതിരായ പോരാട്ടകാലത്ത് ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് അഭയവും പരിശീലനവും സാമ്പത്തിക സഹായവും നൽകിയ നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ന് തങ്ങളുടെ പൗരന്മാർക്കെതിരായ ആക്രമണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഈ പ്രക്ഷോഭം പാൻ-ആഫ്രിക്കൻ ഐക്യത്തിനും ദക്ഷിണാഫ്രിക്കയുടെ പ്രാദേശിക നേതൃപങ്കിനും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
സാമ്പത്തികരംഗത്തും പ്രത്യാഘാതങ്ങൾ പ്രകടമാണ്. കുടിയേറ്റക്കാർ നടത്തുന്ന സ്പാസ (Spaza) കടകൾ അടച്ചുപൂട്ടിയാൽ അവയുടെ സ്ഥാനത്ത് ഉടൻ പ്രാദേശിക സംരംഭങ്ങൾ ഉയർന്നുവരുമെന്നുറപ്പില്ല. കൃഷി, നിർമാണം, ആതിഥേയ സേവനമേഖല, ഗാർഹിക തൊഴിൽ, ചെറുകിട വ്യാപാരം എന്നിവ കുടിയേറ്റ തൊഴിലാളികളെ ഗണ്യമായി ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ കുടിയേറ്റക്കാരുടെ തൊഴിൽ പെട്ടെന്ന് ഇല്ലാതായാൽ തൊഴിലാളി ക്ഷാമവും ഉത്പാദനച്ചെലവിലെ വർധനയും സാമ്പത്തിക മന്ദഗതിയും ഉണ്ടാകാൻ സാധ്യതയുണ്ട്.
►ഇന്ത്യൻ സമൂഹത്തിന്റെ ആശങ്ക
പ്രതിഷേധങ്ങൾ പ്രധാനമായും രേഖകളില്ലാത്ത ആഫ്രിക്കൻ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നതാണെങ്കിലും അതിന്റെ അന്തരീക്ഷം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിയമാനുസൃതമായി ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാർ, അധ്യാപകർ, ഐടി വിദഗ്ധർ, എൻജിനിയർമാർ, ഗവേഷകർ തുടങ്ങിയവർ രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നവരാണ്.
അതേസമയം, 1860 മുതൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജർ ഇന്ന് ആ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. മഹാത്മാഗാന്ധി, യൂസഫ് ദാദു, അഹമ്മദ് കത്രാഡ, ഫാത്തിമ മീർ തുടങ്ങിയ നേതാക്കളുടെ സംഭാവനകൾ ദക്ഷിണാഫ്രിക്കയുടെ ദേശീയചരിത്രത്തിന്റെ ഭാഗമാണ്. അതിനാൽ ഇന്നത്തെ കുടിയേറ്റചർച്ചയിൽ ദക്ഷിണാഫ്രിക്കൻ ഇന്ത്യക്കാരെ ‘വിദേശികൾ’ എന്ന നിലയിൽ കാണുന്നത് ചരിത്രപരമായും ഭരണഘടനാപരമായും തെറ്റാണ്. എന്നിരുന്നാലും വിദേശിവിരുദ്ധ വികാരങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്കും ഇന്ത്യൻ പ്രഫഷണലുകൾക്കും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികമാണ്.
►എഎൻസിയുടെ ക്ഷയവും തെരഞ്ഞെെടുപ്പ് രാഷ്ട്രീയവും
കുടിയേറ്റവിരുദ്ധ പ്രക്ഷോഭം സാമൂഹിക പ്രശ്നം മാത്രമല്ല, ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തെയും മാറ്റിമറിക്കുന്ന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. വർണവിവേചനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി മൂന്നു പതിറ്റാണ്ടോളം രാജ്യത്തെ ഭരിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) സമീപ വർഷങ്ങളിൽ അഴിമതി ആരോപണങ്ങൾ, സാമ്പത്തിക മുരടിപ്പ്, വൈദ്യുതി പ്രതിസന്ധി, തൊഴിലില്ലായ്മ, ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം ജനപിന്തുണയിൽ ഗണ്യമായ ഇടിവ് നേരിട്ടു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി പാർട്ടിക്ക് ദേശീയതലത്തിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെടുകയും സഖ്യഭരണത്തെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
Sports
കാല്പ്പനികതയ്ക്കൊത്ത തുടക്കവുമായി കാറ്റുനിറച്ച തുകല്പ്പന്ത് ഉരുണ്ടുതുടങ്ങി. ചിപ്പ് ഒളിപ്പിച്ച ട്രിയോന്ഡ പന്ത് മുതല്, കളിക്കാരെ സ്കാൻ ചെയ്ത് ഓരോ ചുവടും നിരീക്ഷിക്കുന്ന എഐ സംവിധാനങ്ങള്വരെയായുള്ള അത്യാധുനിക ഫിഫ ലോകകപ്പിന് കഴിഞ്ഞ രാത്രിയില് കിക്കോഫ്. ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിട്ടതോടെയാണ് മത്സരങ്ങള്ക്കു തുടക്കമായത്.
ചരിത്രം ഉറങ്ങുന്ന മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിലായിരുന്നു 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫ്. മെക്സിക്കോയ്ക്ക് ഒപ്പം മറ്റ് ആതിഥേയരായ അമേരിക്ക, കാനഡ എന്നിവിടങ്ങളിലും ഉദ്ഘാടന സംഗീത നിശകള് അരങ്ങേറി.
കൊളംബിയന് പോപ് ഗായികയായ ഷക്കീറയുടെ നേതൃത്വത്തില് ഫിഫ 2026ന്റെ ഔദ്യോഗിക ഗാനമായ 'ഡായ്... ഡായ്'... ആരാധകരെ ആവേശഭരിതമാക്കി. ഷക്കീറയ്ക്കൊപ്പം ബ്രൂണ ബോയും ചേര്ന്നാണ് 'ഡായ്...ഡായ്... ആലപ്പിച്ചത്.
1970, 1986 ലോകകപ്പുകളിലും മെക്സിക്കോ വേദിയായിരുന്നു. 1994ല് ആതിഥേയത്വം വഹിച്ച അമേരിക്കയ്ക്ക് ഇതു രണ്ടാം ലോകകപ്പ്. കാനഡയ്ക്ക് കന്നി അവസരം.ആതിഥേയ രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും സമന്വയിപ്പിച്ച ഉദ്ഘാടന ചടങ്ങ് ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫിനു മുമ്പ് അരങ്ങേറി.
ഒളിമ്പിക്സുകളുടെ ഉദ്ഘാടന ചടങ്ങ് അണിയിച്ചൊരുക്കിയ മാര്ക്കോ ബാലിച്ചായിരുന്നു ഫിഫ ലോകകപ്പിന്റെയും ക്രിയേറ്റീവ് ഡയറക്ടര്. കൊളംബിയന് ഗായകന് ജെ. ബാല്വിന്, ദക്ഷിണാഫ്രിക്കന് ഗായിക ടൈല, പോപ് ബാന്ഡായ മനാ, മെക്സിക്കന് ഗായികമാരായ ബെലിന്ഡ, ലില ഡൗണ്സ്, മെക്സിക്കന് ഗായകന് അലജാന്ഡ്രോ ഫെര്ണാണ്ടസ്, മെക്സിക്കന് സംഗീത സംഘമായ ലോസ് എയ്ഞ്ചലസ് അസുലെസ് തുടങ്ങിയ വന് സംഘങ്ങള് ഉദ്ഘാടന ആഘോഷത്തിനു കൊഴുപ്പേകി. ഇനിയുള്ള ദിനങ്ങളില് ഗോളും ആരവവും ഭൂഗോളത്തെ കീഴടക്കും...
Viral
ദക്ഷിണാഫ്രിക്കയിലെ 'ദി സ്റ്റാർ' പത്രത്തിന്റെ മുൻപേജിൽ വന്ന ഒരു വേറിട്ട പരസ്യം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. പത്രത്തിന്റെ അച്ചടിയിൽ പറ്റിയ വലിയൊരു അബദ്ധമാണെന്ന് തോന്നിപ്പിക്കുംവിധം, മുൻപേജിലെ വാർത്തകൾക്ക് മുകളിലേക്ക് കടുംചുവപ്പ് നിറത്തിലുള്ള കറ പടർന്നുപിടിക്കുന്ന രീതിയിലായിരുന്നു ഇത് രൂപകൽപ്പന ചെയ്തത്.
ആർത്തവസമയത്ത് സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ നേരിടാൻ സാധ്യതയുള്ള രക്തക്കറയുടെ ഭയത്തെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രം, യഥാർഥത്തിൽ ഒരു ആർത്തവാരോഗ്യ ക്യാമ്പയിന്റെ ഭാഗമായിരുന്നു.
"നിങ്ങളുടെ പാഡ് അഞ്ച് വർഷം ഈടുനിൽക്കുന്നതാണെങ്കിലോ?" എന്ന ചോദ്യത്തിലൂടെ, പരമ്പരാഗത പത്രപ്പരസ്യങ്ങളുടെ രീതികളെ പൂർണമായി പൊളിച്ചെഴുതാൻ ഇതിന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ പരസ്യത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് വായനക്കാരിൽ നിന്നും ഉണ്ടായത്.
ആർത്തവം പോലുള്ള വിഷയങ്ങളിലെ സാമൂഹിക വിലക്കുകളെ തകർക്കുന്ന മികച്ചൊരു പരീക്ഷണമാണിതെന്ന് ഒരുവിഭാഗം പ്രശംസിച്ചപ്പോൾ, ഇത്തരം സ്വകാര്യവിഷയങ്ങൾ പത്രത്തിന്റെ ഒന്നാം പേജിൽ വരുന്നത് അനുചിതമാണെന്ന് മറ്റൊരു വിഭാഗം വാദിച്ചു.
വിമർശനങ്ങൾ നിലനിൽക്കുമ്പോഴും, ഡിജിറ്റൽ യുഗത്തിൽ പ്രിന്റ് മീഡിയയിലൂടെ വായനക്കാരെ ചിന്തിപ്പിക്കാനും വലിയൊരു സാമൂഹിക ചർച്ചയ്ക്ക് തുടക്കമിടാനും ഈ പരസ്യത്തിന് സാധിച്ചു എന്നത് വലിയൊരു വിജയമായി വിലയിരുത്തപ്പെടുന്നു.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റൺസിന്റെ കൂറ്റൻ ജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്.
188 റണ്സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 18.5 ഓവറില് കേവലം 111 റണ്സിന് എല്ലാവരും പുറത്തായി. 42 റണ്സെടുത്ത ശിവം ദുബെയാണ് ടോപ് സ്കോറര്. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മാര്കോ ജാന്സനും മൂന്ന് വിക്കറ്റ് നേടിയ കേശവ് മഹാരാജുമാണ് ഇന്ത്യയെ തകര്ത്തത്.
ശിവം ദുബെയ്ക്കു പുറമെ ഹാർദിക് പാണ്ഡ്യ (18), സൂര്യകുമാർ യാദവ് (18), അഭിഷേക് ശർമ (15) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 187 /7 ഇന്ത്യ 111/10 (18.5).
ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലര് (63), ഡിവാള്ഡ് ബ്രേവിസ് (45), ട്രിസ്റ്റണ് സ്റ്റബ്സ് (44) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറ മൂന്നും അര്ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. മില്ലറെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
തുടർച്ചയായി നാലു വിജയങ്ങളുമായെത്തിയ ഇന്ത്യൻ ബാറ്റിംഗ് നിരയെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു മുന്നിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ തകർന്നതാണ് തിരിച്ചടിയായത്.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 188 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.
20 റൺസിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡിവാൾഡ് ബ്രവിസും (45) ഡോവിഡ് മില്ലറുമാണ് (63) മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ട്രിസ്റ്റ്യൻ സ്റ്റബ്സ് (44) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറ മൂന്നും അര്ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി.
പ്രാഥമിക റൗണ്ടിൽ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പർ എട്ടിലെത്തിയത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 റൺസിനിടെ മൂന്നുവിക്കറ്റ് നഷ്ടമായി.
ക്യാപ്റ്റൻ എയ്ഡൻ മർക്രം (നാല്) , ക്വിന്റൺ ഡി കോക്ക് (ആറ്), റയാൻ റിക്കിൾട്ടൺ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ബുംറ രണ്ടും അർഷ്ദീപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി. ഒടുവില് വിവരം ലഭിക്കുമ്പോള് എട്ട് ഓവറില് മൂന്നിന് 56 എന്ന നിലയിലാണ്.
ഡിവാൾഡ് ബ്രവിസും (12) ഡോവിഡ് മില്ലറുമാണ് (25) ക്രീസിൽ. ടി 20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആദ്യ മത്സരമാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
പ്രാഥമിക റൗണ്ടിൽ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പർ എട്ടിലെത്തിയത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്.
Sports
മുംബൈ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങളിൽ ഇന്ത്യയുടെ എതിരാളികളായി. സിംബാബ്വെ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് ഇന്ത്യയ്ക്കൊപ്പമുള്ള ടീമുകൾ.
22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം. 26ന് ചെന്നൈയിൽ സിംബാബ്വെയെ നേരിടുന്ന ഇന്ത്യ മാർച്ച് ഒന്നിന് കോൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെയും കളിക്കും.
ഗ്രൂപ്പ് എയിൽ നിന്ന് കളിച്ച മൂന്ന് കളികളും ജയിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിലെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന കളിയിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. അതേസമയം ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ നമീബിയയെ കീഴടക്കാനായാൽ പാക്കിസ്ഥാനും എ ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ടിലെത്തും.
ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകളും സൂപ്പർ എട്ടിൽ പ്രവേശിച്ചു. ചൊവ്വാഴ്ച അയർലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് സിംബാബ്വെ സൂപ്പർ എട്ടിലെത്തുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയ പുറത്താകുകയും ചെയ്തു.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ദക്ഷിണാഫ്രിക്ക. കിവീസ് ഉയർത്തിയ 176 റൺസ് വിജയ ലക്ഷ്യം ഏഴുവിക്കറ്റും 17 പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടന്നു.
ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ (86) അർധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. ഡീ കോക്ക് (20), റയാൻ റിക്കിൽട്ടൻ (21 ), ഡെവാൾഡ് ബ്രവിസ് (21), ഡേവിഡ് മില്ലർ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
സ്കോർ: ന്യൂസിലാൻഡ് 175/7 ദക്ഷിണാഫ്രിക്ക 178/3 (17.1). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിനായി മാർക്ക് ചാംപ്മാൻ 48 റൺസും ഡാരിൽ മിച്ചൽ 32 റൺസും ഫിൻ അലൻ 31 റൺസും നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ നാല് വിക്കറ്റെടുത്തു.
ജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഡി യിൽ ആറ് പോയിന്റുമായി ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ന്യൂസിലാൻഡ് രണ്ടാമതാണ്.
Sports
ബനോനി: ഇന്ത്യയ്ക്കെതിരായ അണ്ടര് 19 യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 394 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ എഴു വിക്കറ്റ് നഷ്ടത്തിലാണ് 393 റൺസ് നേടിയത്.
ആരോണ് ജോര്ജും (118) ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും (127) സെഞ്ചുറി നേടി. നേരിട്ട ആദ്യ പന്തിൽ തന്നെ ഫോറടിച്ചാണ് വൈഭവ് ഇന്നിംഗ്സിനു തുടക്കമിട്ടത്. ക്യാപ്റ്റനു പിന്തുണയുമായി ആരോൺ ജോർജും ചേർന്നതോടെ ഇന്ത്യയ്ക്കു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ആറ് ഓവറിൽ ഇന്ത്യ 50 പിന്നിട്ടു. 63 പന്തില് വൈഭവ് സെഞ്ചുറി തികച്ചു. സെഞ്ചുറിക്കുശേഷവും അടിതുടര്ന്ന വൈഭവ് ഒമ്പതു ഫോറും 10 സിക്സും ഉൾപ്പടെ 74 പന്തില് 127 റണ്സെടുത്ത് പുറത്തായി. 32 പന്തില് അര്ധസെഞ്ചുറി തികച്ച ആരോൺ 91 പന്തില് സെഞ്ചുറിയിലെത്തി. 15 ബൗണ്ടറികളാണ് ആരോൺ പറത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി നാന്റോ സോണി മൂന്നും ജാസൺ റൗൾസ് രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
Sports
ധരംശാല: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില് ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയര്ത്തിയ 118 റണ്സ് വിജയലക്ഷ്യം 15.5 ഓവറില് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില് ഇന്ത്യ മറികടന്നു. ചെറിയ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് തകർപ്പൻ തുടക്കമായിരുന്നു.
ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും പ്രോട്ടീസ് ബൗളർമാരെ തകർത്തടിച്ചു. അഞ്ചോവറിൽ 60 റൺസിലെത്തിയതിന് പിന്നാലെ അഭിഷേകിനെ ഇന്ത്യക്ക് നഷ്ടമായി. 18 പന്തിൽ 35 റൺസാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് വീതം ഫോറും സിക്സറുമടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.
രണ്ടാം വിക്കറ്റിൽ ഗില്ലും തിലക് വർമയും ചേർന്നാണ് സ്കോറുയർത്തിയത്. കൂറ്റനടികൾക്ക് മുതിരാതെ ഇരുവരും ബാറ്റേന്തിയതോടെ ഇന്ത്യയുടെ റൺറേറ്റ് കുറഞ്ഞു. സ്കോർ 92 ൽ നിൽക്കേ ഗിൽ പുറത്തായി. 28 പന്തിൽ നിന്ന് 28 റൺസാണ് ഗില്ലിന്റെ സമ്പാദ്യം.
പിന്നാലെ നായകൻ സൂര്യകുമാർ യാദവ് 12 റൺസെടുത്ത് മടങ്ങി. പിന്നീട് തിലക് വർമയും(25) ശിവം ദുബെയും(10) ചേർന്ന് ടീമിനെ ജയത്തിലെത്തിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന് എയ്ഡന് മാര്ക്രം (61) അർധ സെഞ്ചുറി നേടി.
ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുണ് ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 മുന്നിലെത്തി.
Sports
കട്ടക്ക്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കം. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മത്സരം. ടി20 ലോകകപ്പിന് മുമ്പ് ടീമില് അവസാന മിനുക്ക് പണികള് നടത്താനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ഈ പരമ്പര.
ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര പരമ്പര കഴിഞ്ഞാല് ലോകകപ്പിന് തൊട്ടു മുമ്പ് ജനുവരിയില് ന്യൂസിലന്ഡിനെതിരെ അഞ്ച് മത്സര ടി20 പരമ്പരയില് കൂടി ഇന്ത്യ കളിക്കും. ഓപ്പണിംഗില് ഇന്ത്യ അഭിഷേക് ശര്മ - ശുഭ്മാന് സഖ്യത്തെ തന്നെയാവും ആദ്യ മത്സരത്തിലും ഇറക്കുക.
പരിക്കുമാറി തിരിച്ചെത്തുന്ന ഗില് പൂര്ണ കായികക്ഷമത നേടിക്കഴിഞ്ഞു. മൂന്നാം നമ്പറില് ക്യാപ്റ്റന് സൂര്യകുമാര് യാദവും നാലാമനായി തിലക് വര്മയും ക്രീസിലെത്തും. അഭിഷേക് ശര്മയെ പൂട്ടാനുള്ള എല്ലാ പദ്ധതികളും തങ്ങൾ ആസൂത്രണം ചെയ്തെന്ന് ദക്ഷിണാഫ്രിക്കന് ക്യാപ്റ്റന് എയ്ഡന് മാര്ക്രം പറഞ്ഞു.
Sports
റായ്പൂർ: ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച് കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
അതേസമയം പരമ്പര സമനിലയിലാക്കി പോരാട്ടം അവസാന മത്സരത്തിലേക്ക് നീട്ടാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് മത്സരം ആരംഭിക്കും. കഴിഞ്ഞ ദിവസം റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 17 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 130 എന്ന നിലയിൽ തകർന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും 49.2 ഓവറിൽ 332 റൺസിന് ഓൾ ഔട്ടായി. മുൻനിര ബാറ്റർമാർക്ക് കാര്യമായ സംഭാവന നൽകാൻ സാധിക്കാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്.
Sports
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ റാഞ്ചി ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ കെ.എൽ.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമയ്ക്കൊപ്പം യശ്വസി ജയ്സ്വാൾ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.
നാലാം നമ്പറിൽ റുതുരാജ് ഗെയ്ക്വാദ് എത്തും. മൂന്നു പേസർമാരും മൂന്നു സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷണ, ഹർഷിത് റാണ എന്നിവർ പേസർമാരായി എത്തിയപ്പോൾ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൻ
സുന്ദർ എന്നിവരാണ് സ്പിന്നർമാർ.
അതേസമയം ക്യാപ്റ്റൻ ടെംബ ബവുമയ്ക്ക് വിശ്രമം അനുവദിച്ചതോടെ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. നാലു പേസർമാരായും ഒരു സ്പിന്നറുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ടീം ഇന്ത്യ: രോഹിത് ശര്മ, യശസ്വി ജയ്സ്വാള്, വിരാട് കോഹ്ലി, റുതുരാജ് ഗെയ്കവാദ്, വാഷിംഗ്ടണ് സുന്ദര്, കെ.എല്. രാഹുല് (ക്യാപ്റ്റന്, വിക്കറ്റ് കീപ്പര്), രവീന്ദ്ര ജഡേജ, ഹര്ഷിത് റാണ, കുല്ദീപ് യാദവ്, അര്ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ.
ദക്ഷിണാഫ്രിക്ക: റയാന് റിക്കല്ടണ്, ക്വിന്റണ് ഡി കോക്ക് (വിക്കറ്റ് കീപ്പര്), എഡന് മാര്ക്രം (ക്യാപ്റ്റന്), മാത്യു ബ്രീറ്റ്സ്കെ, ടോണി ഡി സോര്സി, ഡെവാള്ഡ് ബ്രെവിസ്, മാര്ക്കോ ജാന്സെന്, കോര്ബിന് ബോഷ്, പ്രണേലന് സുബ്രയന്, നാന്ദ്രെ ബര്ഗര്, ഒട്ട്നീല് ബാര്ട്ട്മാന്.
International
ജോഹന്നാസ്ബർഗ്: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂർണ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ഭീകരവാദത്തിനെതിരെ ആവശ്യമെന്നും ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
യുഎൻ രക്ഷാസമിതിയിൽ കാലാനുസൃതമായിട്ടുള്ള പരിഷ്കരണം അനിവാര്യമാണെന്നും മോദി ആവർത്തിച്ചു. യുഎൻ അടക്കമുള്ള ആഗോള സ്ഥാപനങ്ങൾ 21-ാം നൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളിൽ നിന്നും വളരെ അകലെയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ബ്രസീലുമായും ദക്ഷിണാഫ്രിക്കയുമായും സാങ്കേതിക വിദ്യാ കൈമാറ്റത്തിന് സംവിധാനം വേണമെന്നും മോദി നിർദേശിച്ചു. അടുത്ത വർഷം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് മോദി നേതാക്കളെ ക്ഷണിച്ചു.
Sports
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ക്യാപ്റ്റന് ശുഭ്മന് ഗില്ലിന് പകരം കെ.എല്.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന് ശ്രേയസ് അയ്യര്ക്ക് പകരം തിലക് വര്മയും ടീമിലെത്തി. വിക്കറ്റ് കീപ്പര് റിഷഭ് പന്തും ടീമിലുണ്ട്.
സീനിയര് താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്മ എന്നിവര് ടീമില് സ്ഥാനം നിലനിര്ത്തി. പേസര്മാരായ ജസ്പ്രിത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം 30ന് റാഞ്ചിയിൽ നടക്കും. രണ്ടാം മത്സരം ഡിസംബർ മൂന്നിന് റായ്പുരിലും മൂന്നാം മത്സരം ആറിന് വിശാഖപട്ടണത്തും നടക്കും.
ഇന്ത്യന് ടീം: രോഹിത് ശര്മ, യശസ്വി ജയ്സ്വാള്, വിരാട് കോഹ്ലി, തിലക് വര്മ, കെ.എല്.രാഹുല്, റിഷഭ് പന്ത്, വാഷിംഗ്ടണ് സുന്ദര്, രവീന്ദ്ര ജഡേജ, കുല്ദീപ് യാദവ്, നിതീഷ് കുമാര് റെഡ്ഡി, ഹര്ഷിത് റാണ, റുതുരാജ് ഗെയ്കവാദ്, പ്രസിദ്ധ് കൃഷ്ണ, അര്ഷ്ദീപ് സിംഗ്, ധ്രുവ് ജുറല്.
International
ജൊഹാനസ്ബർഗ്: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. വൈകുന്നേരം അഞ്ചരയ്ക്ക് ദക്ഷിണാഫ്രിക്കയിലെത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം വൻ സ്വീകരണം നൽകി.
ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നു. ഉച്ചകോടിയില് നിന്ന് മോദി മാറി നിന്നത് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം നിറുത്തിയത് താനാണെന്ന് സൗദി കിരീടാവകാശി പങ്കെടുത്ത യോഗത്തിലും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മോദി തന്നെ വിളിച്ച് യുദ്ധം നിറുത്തിയെന്ന് നേരിട്ടറിയിച്ചു എന്നാണ് ട്രംപിന്റെ പുതിയ വാദം.
Sports
കോല്ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ഞെട്ടിക്കുന്ന തോൽവി. 124 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93 റൺസിന് ഒമ്പതുവിക്കറ്റും നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പരിക്കേറ്റതിനാൽ ബാറ്റിംഗിന് ഇറങ്ങിയില്ല.
സ്കോർ: ദക്ഷിണാഫ്രിക്ക 159, 153 ഇന്ത്യ 189, 93. വാഷിംഗ്ടണ് സുന്ദറാണ് (31) ഇന്ത്യയുടെ ടോപ് സ്കോറര് .അക്സര് പട്ടേൽ (26), രവീന്ദ്ര ജഡേജ (18), ധ്രുവ് ജുറെൽ (13) മാത്രമാണ് ഇന്ത്യൻ നിരയില് രണ്ടക്കം കടന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാർമറാണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ അന്തകനായത്.
ആദ്യ ഇന്നിംഗ്സിലും ഹാർമർ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഹാർമറിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാർക്കോ യാൻസനും കേശവ് മഹാരാജും ചേർന്നാണ് ഇന്ത്യയുടെ കഥകഴിച്ചത്. നേരത്തേ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 153 റൺസിൽ അവസാനിച്ചിരുന്നു.
അർധ സെഞ്ചുറിയുമായി പ്രതിരോധം തീർത്ത ക്യാപ്റ്റൻ ടെംബ ബവുമയുടെ ഇന്നിംഗ്സാണ് (55) പ്രോട്ടീസിനെ 150 കടത്തിയത്. നാല് ബൗണ്ടറിയടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും കുല്ദീപ് യാദവും സിറാജും രണ്ടു വിക്കറ്റ് വീതമെടുത്തു.
ജയത്തോടെ രണ്ട് മത്സര പരമ്പരയില് ദക്ഷിണാഫ്രിക്ക 1 - 0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാഹത്തിയില് നടക്കും.
Sports
കോല്ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 124 റണ്സ് വിജയലക്ഷ്യം. 93-7 എന്ന സ്കോറില് മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 153 റൺസിന് ഓള് ഔട്ടായി.
55 റണ്സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടെംബാ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. ആദ്യ സെഷനിൽ തന്നെ അവരുടെ ബാക്കി മൂന്നു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. കോർബിൻ ബോഷ് (25), സൈമൺ ഹാർമർ (ഏഴ്), കേശവ് മഹാരാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ജസ്പ്രീത് ബുംറ ഒരു വിക്കറ്റു വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജിനാണ് രണ്ടു വിക്കറ്റ്. എട്ടാം വിക്കറ്റില് ബാവുമക്കൊപ്പം പിടിച്ചു നിന്ന കോര്ബിന് ബോഷ് 25 റണ്സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുംറ കൂട്ടുകെട്ട് തകര്ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്ത്തിയായി.
Sports
കോൽക്കത്ത: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്ച്ച. ഒന്നാം ഇന്നിംഗ്സിൽ 30 റണ്സിന്റെ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോള് ഏഴുവിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്.
ക്യാപ്റ്റൻ ടെംബ ബാവുമ (29), കോർബിൻ ബോഷ് (ഒന്ന്) എന്നിവരാണ് ക്രീസിൽ. മൂന്നു വിക്കറ്റു മാത്രം ശേഷിക്കെ ആകെ 63 റൺസിന്റെ ലീഡ് മാത്രമാണ് സന്ദർശകർക്കുള്ളത്. രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
ബാറ്റിങ്ങിനിടെ പരിക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ നയിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159 റണ്സിനെതിരെ ഇന്ത്യ 189ന് എല്ലാവരും പുറത്താവുകയായിരുന്നു.
39 റണ്സെടുത്ത കെ.എല്.രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്. ക്യാപ്റ്റന് ഗില് പരിക്കിനെ തുടര്ന്ന് റിട്ടയേര്ഡ് ഹര്ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സിമോണ് ഹാര്മര് നാലും മാര്കോ ജാന്സണ് മൂന്നും വിക്കറ്റ് വീഴ്ത്തി.
Sports
കോല്ക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില് ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. നാലു സ്പിന്നര്മാരും രണ്ട് പേസര്മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
രവീന്ദ്ര ജഡേജയും കുല്ദീപ് യാദവും വാഷിംഗ്ടണ് സുന്ദറും അക്സര് പട്ടേലുമാണ് ടീമിലെത്തിയ സ്പിന്നര്മാര്. ദക്ഷിണാഫ്രിക്കന് ടീമില് പേസര് കാഗിസോ റബാഡ പ്ലേയിംഗ് ഇലവനിലില്ല. പകരം കോര്ബിന് ബോഷാണ് പ്ലേയിംഗ് ഇലവനിലെത്തിയത്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം, റയാൻ റിക്കിൾട്ടൺ, വിയാൻ മുൾഡർ, തെംബ ബാവുമ, ടോണി ഡി. സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെറെയ്ൻ, സൈമൺ ഹാർമർ, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്.
ടീം ഇന്ത്യ : യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Sports
ബംഗളൂരു: ഇന്ത്യ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക എയ്ക്ക് വിജയം. സ്കോര്: ഇന്ത്യ എ 255, 382/7 ദക്ഷിണാഫ്രിക്ക എ 221, 417/5
ഇന്ത്യ ഉയര്ത്തിയ 417 റണ്സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ജോര്ദാന് ഹെര്മാന് (91), ലൊസേഗോ സെനോക്വാനെ (77), സുബൈര് ഹംസ (77), തെംബ ബവൂമ (59), കോണര് എസ്റ്റെര്ഹുയിസെന് ( 52) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാരംഭിച്ചത്. ഓപ്പണർമാരായ ജോർദാൻ ഹെന്നാനും സെനോക്വാനെയും 156 റൺസിന്റെ ശക്തമായി അടിത്തറ ഒരുക്കിയശേഷമാണ് പിരിഞ്ഞത്.
തുടർന്നുവന്നവർ നിലയുറപ്പിച്ച് കളിച്ചതോടെ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റിന്റെ ജയം സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയില് അവസാനിച്ചു.
Sports
ബംഗളൂരു: ഇന്ത്യഎയ്ക്കെതിരായ രണ്ടാം ചതുര്ദിന ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക എയ്ക്ക് 417 റണ്സിന്റെ കൂറ്റൻ വിജയലക്ഷ്യം. ധ്രുവ് ജുറെലിന്റെ (127*) അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ റിഷഭ് പന്തിന്റെയും (65) ഹര്ഷ് ദുബെയുടെയും (84) അര്ധസെഞ്ചുറികളുടെയും കരുത്തിലാണ് കൂറ്റന് വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക എ മൂന്നാം ദിനം കളി നിര്ത്തുമ്പോള് വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്സെന്ന നിലയിലാണ്. 15 റണ്സോടെ ജോര്ദാന് ഹെര്മാനും ഒമ്പത് റണ്സുമായി ലെസേഗോ സെനോക്വാനെയുമാണ് ക്രീസില്. പത്തു വിക്കറ്റും ഒരു ദിവസവും അവശേഷിക്കെ ദക്ഷിണാഫ്രിക്ക എക്ക് ജയിക്കാന് 392 റണ്സ് കൂടി വേണം.
നേരത്തെ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 255 റണ്സിന് മറുപടിയായി ദക്ഷിണാഫ്രിക്ക 221 റണ്സിന് ഓൾ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ മാര്ക്വസ് അക്കര്മാന്റെ(118 പന്തില് 134) വെടിക്കെട്ട് സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ഒന്നാം ഇന്നിംഗ്സിലും ധ്രുവ് ജുറെൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിരുന്നു.
Sports
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പര് റിഷഭ് പന്ത് ടീമില് തിരിച്ചെത്തി. ശുഭ്മാന് ഗില് ക്യാപ്റ്റനായ ടീമിൽ പന്താണ് വൈസ് ക്യാപ്റ്റൻ.
വെസ്റ്റ് ഇന്ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില് കളിച്ച ധ്രുവ് ജുറെലാണ് രണ്ടാം വിക്കറ്റ് കീപ്പര്. സായ് സുദര്ശനും മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമില് സ്ഥാനം നിലനിര്ത്തി. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ് സുന്ദര്, അക്സര് പട്ടേല്, കുല്ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്മാര്.
പേസര്മാരായി ആകാശ് ദീപിനൊപ്പം ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണുള്ളത്. ഓൾ റൗണ്ടര് നിതീഷ് കുമാര് റെഡ്ഡിയും ടീമിലുണ്ട്.
അതേസമയം സ്റ്റാർ പേസ്ബൗളർ മുഹമ്മദ് ഷമിയെ ഇത്തവണയും സെലക്ഷൻ കമ്മിറ്റി പരിഗണിച്ചില്ല. 14 മുതല് കോല്ക്കത്തയിലാണ് ആദ്യമത്സരം. 22 മുതല് ഗുവാഹതിയിലാണ് രണ്ടാം ടെസ്റ്റ്.
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ.രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.
Sports
നവിമുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. 87 റൺസ് നേടിയ ഷെഫാലി വർമ്മയാണ് ടോപ് സ്കോറർ.
ദീപ്തി ശര്മ (58), സ്മൃതി മന്ഥന (45), ജമിമ റോഡ്രിഗ്സ് (24), റിച്ച ഘോഷ് (34), ഹർമൻപ്രീത് കൗർ (20) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ സ്മൃതിയും ഷെഫാലി വർമയും ചേർന്ന് 104 റൺസിന്റെ സ്വപ്നതുല്ല്യമായ തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്
ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖാക്ക മൂന്നും നോങ്കുലുലെക്കോ മ്ലാബ, നദീന് ഡി ക്ലര്ക്ക്, ക്ലോ ട്രയോണ് എന്നിവർ ഓരോവിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
സെമി ഫൈനൽ വിജയിച്ച അതേ പ്ലേയിംഗ് ഇലവനുമായിട്ടാണ് കലാശപ്പോരിലും ഇരു ടീമുകളും ഇറങ്ങിയത്. നേരത്തെ മഴയെ തുടര്ന്ന് വൈകിയാണ് ടോസിട്ടത്.
Sports
നവിമുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. നിലവിൽ 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന നിലയിലാണ്. ദീപ്തി ശര്മ (34), അമന്ജോത് കൗര് എന്നിവരാണ് ക്രീസിൽ.
ഓപ്പണർമാരായ സ്മൃതി മന്ഥന (45), ഷെഫാലി വർമ ( 87), സെമി ഫൈനലിലെ ഹീറോ ജമിമ റോഡ്രിഗ്സ് ( 24), ഹർമൻപ്രീത് കൗർ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റിൽ സ്മൃതിയും ഷെഫാലി വർമയും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്.
പവർപ്ലേ അവസാനിച്ചപ്പോൾ 64/0 എന്ന നിലയിലായിരുന്നു ഇന്ത്യ. നേരത്തെ മഴയെ തുടര്ന്ന് വൈകിയാണ് ടോസിട്ടത്. സെമിഫൈനല് കളിച്ച ടീമില് നിന്ന് ഇരു ടീമുകളും ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇരു ടീമുകളും ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്.
Sports
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. സെമി ഫൈനൽ വിജയിച്ച ആതേ ടീമുമായിട്ടാണ് കലാശപ്പോരിന് ഇരു ടീമും ഇറങ്ങുന്നത്. മഴയെ തുടർന്നു രണ്ടു മണിക്കൂർ വൈകിയാണ് ടോസ് ഇട്ടതെങ്കിലും ഓവറുകൾ ചുരുക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്. ഇതിനുമുൻപ് രണ്ടുതവണ ഫൈനലിൽ കളിച്ചപ്പോഴും ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. അതിന്റെ മുറിവുണക്കാൻ ഇത്തവണ ജയം അനിവാര്യമാണ്.
2005ൽ ഓസ്ട്രേലിയയോടും 2017ൽ ഇംഗ്ലണ്ടിനോടുമാണ് കിരീടം അടിയറവെച്ചത്. മൂന്നാമങ്കത്തിൽ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും. സെമിഫൈനലിൽ റിക്കോർഡ് റൺചേസോടെ ഓസ്ട്രേലിയയെ മറികടന്നത് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
ടീം ഇന്ത്യ: ഷഫാലി വര്മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്മന്പ്രീത് കൗര് (ക്യാപ്റ്റന്), ദീപ്തി ശര്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്), അമന്ജോത് കൗര്, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്.
ദക്ഷിണാഫ്രിക്ക: ലോറ വോള്വാര്ഡ് (ക്യാപ്റ്റന്), ടാസ്മിന് ബ്രിട്ട്സ്, അനെകെ ബോഷ്, സുനെ ലൂസ്, മരിസാന് കാപ്പ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്), ആനെറി ഡെര്ക്സെന്, ക്ലോ ട്രയോണ്, നദീന് ഡി ക്ലര്ക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.
Sports
മുംബൈ: വനിതാ ഏകദിന ക്രിക്കറ്റിൽ പുതിയ ചാമ്പ്യൻമാരെ ഇന്ന് അറിയാം. നവി മുംബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വൈകുന്നേരം 3.30ന് ആരംഭിക്കും. രണ്ടു തവണ ഫൈനലിൽ കാലിടറിയ ഇന്ത്യയുടെ നീലപ്പട സെമിയിൽ അവിസ്മരണീയ ജയത്തിലൂടെയാണ് ഫൈനൽ പ്രവേശനം നേടിയത്.
മറുവശത്ത് ആദ്യമായി ഫൈനൽ മത്സരത്തിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയും പ്രതീക്ഷയുടെ തേരിലാണ്. സെമിയിൽ ശക്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഫൈനലിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണവർ. വൻമതിലായ ഓസ്ട്രേലിയയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചേസിംഗ് സ്കോറിലൂടെ മറികടന്നാണ് ഇന്ത്യ ഫൈനലിൽ കടന്നത്.
ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില് ഫൈനല് കളിച്ചത്. 2005ല് നടന്ന ഫൈനലില് ഇന്ത്യയെ തോല്പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടി. 2017ല് ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്.
ഫൈനൽ മത്സരത്തിൽ രസംകൊല്ലിയായി മഴ എത്തുമെന്നാണ് സൂചന. വൈകുന്നേരം നാലിനും ഏഴിനും ഇടയിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
Sports
ബംഗളൂരു: ഇന്ത്യ എയ്ക്കെതിരായ ചതുര്ദിന ടെസ്റ്റില് ദക്ഷിണാഫ്രിക്ക എയ്ക്ക് ബാറ്റിംഗ് തകര്ച്ച. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 299 റൺസെന്ന നിലയിലാണ്.
170 -2 എന്ന മികച്ച നിലയില് നിന്നാണ് ദക്ഷിണാഫ്രിക്ക 299 -9ലേക്ക് കൂപ്പുകുത്തിയത്. ജോര്ദാന് ഹെര്മാന് (71) ടോപ് സ്കോററായി. സബൈര് ഹംസ (66) റൂബിന് ഹെമാന് (54) മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യയ്ക്കായി തനുഷ് കൊടിയാന് നാലും മാനവ് സുതാര് രണ്ടും വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
Sports
ലാഹോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് 93 റൺസ് ജയം. 277 റണ്സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലാം ദിനം 183 റണ്സിന് എല്ലാവരും പുറത്തായി. സ്കോര്: പാക്കിസ്ഥാന് 378, 167, ദക്ഷിണാഫ്രിക്ക 269, 183.
54 റണ്സെടുത്ത ഡെവാള്ഡ് ബ്രെവിസും 45 റണ്സെടുത്ത റിയാന് റിക്കിള്ടണും മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്. നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില് 51 റണ്സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ക്രീസിലെത്തിയത്.
29 റണ്സോടെ റിയാന് റിക്കിള്ടണും 16 റണ്സോടെ ടോണി ഡി സോര്സിയുമായിരുന്നു ക്രീസില്. എന്നാല് തുടക്കത്തിലെ തന്നെ ടോണി ഡി സോര്സിയെ ഷഹീന് അഫ്രീദി മടക്കി. പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്സും (രണ്ട്) മടങ്ങിയതോടെ 55/4 എന്ന സ്കോറില് ദക്ഷിണാഫ്രിക്ക പതറി.
തുടർന്ന് ബ്രെവിസും റിക്കിള്ടണും ചേര്ന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പാക്കിസ്ഥാനുവേണ്ടി ഷഹീന് അഫ്രീദിയും നോമാന് അലിയും നാലും സാജിദ് ഖാന് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇതോടെ രണ്ടു ടെസ്റ്റുകളടങ്ങിയ പരന്പരയിൽ പാക്കിസ്ഥാൻ 1 - 0 മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 20 മുതല് റാവല്പിണ്ടിയില് നടക്കും.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില് ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്ത്തിയ 233 റണ്സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റും മൂന്ന് പന്തും അവശേഷിക്കെ മറികടന്നു.
സ്കോര്: ബംഗ്ലാദേശ് 232/6, ദക്ഷിണാഫ്രിക്ക 235/7 (49.3). 62 റണ്സെടുത്ത കോളെ ട്രയോണിന്റെയും 56 റണ്സെടുത്ത മരിസാനെ കാപ്പിന്റെയും പോരാട്ടമാണ് ഒരു ഘട്ടത്തില് 78-5ലേക്ക് വീണ് തോല്വി മുന്നില്ക്കണ്ട ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്നിരയുടെ ബാറ്റിംഗ് കരുത്തിലാണ് 232 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണര്മാരായ ഫര്ഗാന ഹഖ് (30), റൂബിയ ഹൈദര് (25), അര്മിന് അക്തര് (50), ക്യാപ്റ്റന് നിഗര് സുല്ത്താന (32), ഷോര്ണ അക്തര് (51) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓൻകുലുലോകൊ ലാബ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നാദിൻ ഡി. ക്ലെർക്ക്, ഷ്ളോയി ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ തുടര്ച്ചയായ രണ്ടാം ജയമാണിത്.
കഴിഞ്ഞ മത്സരത്തില് ഇന്ത്യയെ അവർ തോല്പ്പിച്ചിരുന്നു. ജയത്തോട ആറ് പോയിന്റുമായി പോയിന്റ് പട്ടികയില് ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്ന്നപ്പോള് ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. നാല് കളികളില് രണ്ട് പോയിന്റുള്ള ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. സ്കോർ ഇന്ത്യ: 251/10 (49.5) ദക്ഷിണാഫ്രിക്ക് 252/7 ( 48.5). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക് ഏഴു പന്തും മൂന്നു വിക്കറ്റും കൈയിലിരിക്കെ മറികടന്നു.
രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ ആറു റൺസ് ആയപ്പോഴേക്കും തസ്മിൻ ബ്രിട്ട്സ് പൂജ്യത്തിനു പുറത്തായി. തുടർന്ന് വന്നവർക്ക് നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഒരു ഘട്ടത്തിൽ 81/5 എന്ന നിലയിലായിരുന്നു.
ഓപ്പണർ ലോറ വോൾവാർട്ട് (70) നടൈൻ ഡി ക്ലെർക്ക് (84) എന്നിവർ കളം നിറഞ്ഞതോടെ കളി ഇന്ത്യയുടെ കൈയിൽ നിന്നും വഴുതിപ്പോയി. ക്ലോ ട്രയൺ (49) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡും സ്നേഹ് റാണയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ചുറി നേടിയ റിച്ച ഘോഷിന്റെ (94) ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. 102 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ റിച്ച - അമന്ജോത് കൗര് (13) സഖ്യമാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
ഏഴാം വിക്കറ്റിൽ ഇവരും 51 റണ്സ് കൂട്ടിചേര്ത്തു. പിന്നാലെ റിച്ചയ്ക്കൊപ്പം സ്നേഹ് റാണ ക്രീസില് (33) എത്തിയതോടെ സ്കോറിന്റെ വേഗം കൂടി. ഇരുവരും 53 പന്തില് 88 റണ്സാണ് കൂട്ടിചേര്ത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ചലോ ട്രിയൻ മൂന്നും മരിസെയ്ൻ കാപ്, നദിൻ ഡി ക്ലർക്ക്, നൊൻകുലുലെകോ മബ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
Sports
ഇൻഡോർ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലാൻഡിനെ ആറുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കിവീസ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസ് ഓപ്പണർ തസ്മിൻ ബ്രിറ്റ്സ് (101), സുൻ ലൂസ് (83) എന്നിവരുടെ കരുത്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
സ്കോർ: ന്യൂസിലാൻഡ് 231/10 (47.5) ദക്ഷിണാഫ്രിക്ക 234/4 (40.5). ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 47.5 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈൻ (85) ആണ് ടോപ് സ്കോറർ. ബ്രൂക് ഹാലിഡേ (45), ഓപ്പണർ ജോർജിയ പ്ലിമർ (31) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
നാല് വിക്കറ്റ് വീഴ്ത്തിയ ഓൻകുലുലേകോ ലാബയാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ തിളങ്ങിയത്. മാരിസൻ കേപ്, അയാബോംഗ ഖാക, നാദിൻ ഡി ക്ലെർക്, ലോ ടൈറൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.